ഒരവസരത്തില്‍, സജീവമായ ഇടപെടലുകള്‍കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരുന്ന ഹിതയുടേയും കണ്ണന്‍മാഷിന്റേയും പാലക്കാട് ബ്ലോഗ് ടീം തിരിച്ചെത്തുന്നുവെന്ന സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. ഈ പോസ്റ്റിന്റെകൂടെ,ഗണിതപരീക്ഷയെക്കുറിച്ചുള്ള കണ്ണന്‍മാഷിന്റെ അവലോകനവും പാലക്കാട് ബ്ലോഗ് ടീമിന്റെ ഉത്തരസൂചികയും ആണുള്ളത്.
ഇത്തവണത്തെ ഗണിതശാസ്ത്ര ചോദ്യപേപ്പര്‍, എല്ലാ വിഭാഗത്തില്‍പെട്ട കുട്ടികളേയും പരിഗണിക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ട്. എങ്കിലും മിടുക്കരെ അല്‍പം കുഴക്കിയ പരീക്ഷയായിരുന്നൂവെന്ന് പറയാം. മുന്‍വര്‍ഷങ്ങളിലെ ചോദ്യപാറ്റേണില്‍ നിന്നും കുറച്ചുവ്യത്യസ്തമായ രീതിയില്‍ ചോദ്യങ്ങളുണ്ടായപ്പോള്‍, ഒറ്റനോട്ടത്തില്‍ അല്‍പം കഠിനമെന്ന് കുട്ടികള്‍ പറഞ്ഞേക്കാം. അവസാനഷീറ്റിലെ ചോദ്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കുട്ടികള്‍ക്ക് വേണ്ടത്ര സമയം ലഭിച്ചുകാണണമെന്നില്ല. 17,19,21 ചോദ്യങ്ങളുടെ അവസാനഭാഗത്തിലെ കാഠിന്യം അല്‍പം കുറക്കാമായിരുന്നു.
മൂല്യനിര്‍ണ്ണയ സമയത്ത് ഉദാരമനോഭാവം കാണിക്കാതെയിരുന്നാല്‍ A+ കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് സംശയമില്ല. ക്ലാസ്മുറികളിലെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്താത്തതും , കുട്ടികളുടെ അടിസ്ഥാനഗണിതത്തിലെ പോരായ്മയും ഇതിന് പ്രധാനകാരണമാണ്.
1, 6, 19 ചോദ്യങ്ങള്‍ സമാന്തരശ്രേണികളില്‍ നിന്നായി്രുന്നു. ഈ ചോദ്യങ്ങളെല്ലാം തന്നെ കുട്ടികള്‍ ചെയ്തുശീലിച്ചവയായിരുന്നു. എന്നാല്‍ 19 ന്റെ c, d ഭാഗങ്ങള്‍ ചെയ്ത് 5 സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.
16, 22 ചോദ്യങ്ങള്‍ പ്രതീക്ഷിച്ച നിര്‍മ്മിതികള്‍ തന്നെയാണ്. ശരാശരിയില്‍ താഴെ നില്‍ക്കുന്ന കുട്ടിക്കുപോലും സന്തോഷം പകരുന്നവ. ഒരു ജയം മാത്രമാണ് ലക്ഷ്യമെങ്കില്‍, ഈ രണ്ടുചോദ്യങ്ങള്‍തന്നെ ആ ലക്ഷം നിവര്‍ത്തിക്കും.
7, 8 ചോദ്യങ്ങള്‍ വൃത്തങ്ങള്‍ എന്ന അധ്യായത്തില്‍ നിന്നാണ്. 7 ലെ മൂന്നുസ്കോറും നേടുന്നവര്‍ കുറവായിരിക്കും. 8 മിടുക്കരെ വരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കും. ചോദ്യരീതിയില്‍ അല്പം മാറ്റം വരുത്തിയിരുന്നൂവെങ്കില്‍ കൂടുതല്‍ ഭംഗിയുള്ളതും ഏറെപ്പേര്‍ക്ക് മാര്‍ക്ക് നേടാന്‍ കഴിയുന്നതുമാകുമായിരുന്നു. 60 ഡിഗ്രീ കോണളവില്‍ തിരിയുമെന്നും 15 സെ മീ ഉയരത്തിലാണ് അടയാളം എന്നുമെഴുതിയവര്‍ കുറവായിരിക്കും.
3, 15 ചോദ്യങ്ങള്‍ രണ്ടാംകൃതി സമവാക്യങ്ങളില്‍ നിന്നാണ്. 3 ചെയ്തുശീലിച്ചതരമാണെങ്കില്‍, 15 , A+കാരെ ലക്ഷ്യം വെയ്ക്കുന്നതും. ശരാശരിക്ക് മുകളില്‍ നില്‍ക്കുന്നവര്‍പോലും ശരിയാക്കണമെന്നില്ല.
20 ത്രികോണമിതിയില്‍ നിന്നാണ്. മുഴുവന്‍ സ്കോറും നേടാന്‍ വലിയ പ്രയാസമൊന്നുമില്ല.
4, 14 ചോദ്യങ്ങള്‍ സൂചകസംഖ്യകളെ ആസ്പദമാക്കിയാണ്. 4 എല്ലാത്തരം കുട്ടികളേയും പരിഗണിച്ചപ്പോള്‍ 14 ആശയങ്ങള്‍ ശരിയായി ഗ്രഹിച്ചവര്‍ക്ക് പ്രയാസമുണ്ടാക്കിയില്ല.
സാധ്യതകളുടെ ഗണിതത്തില്‍ നിന്നും വന്ന ചോദ്യം 9 താരതമ്യേന എളുപ്പമായിരുന്നു.
ചോദ്യം 18 തൊടുവരകളില്‍ നിന്നായിരുന്നു. സദൃശത്രികോണങ്ങളുടെ ആശയങ്ങളിലൂടെ വന്ന് PQ ന്റെ നീളം കണ്ടെത്താന്‍ മിടുക്കര്‍ വരേ ബുദ്ധിമുട്ടിയിരിക്കും. വളരേ നിലവാരം പുലര്‍ത്തിയ ഈ ചോദ്യം ചെയ്യാന്‍ അടിസ്ഥാന ആശയങ്ങള്‍ നന്നായി ഗ്രഹിക്കണം.
ബഹുപദങ്ങളില്‍ നിന്നുള്ള 2, 10 ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് ആശ്വാസത്തിന് വകനല്‍കി.
ജ്യാമിതിയും ബീജഗണിതവും എന്ന യൂണിറ്റില്‍നിന്നുള്ള 17, 21 എന്നീ ചോദ്യങ്ങളില്‍ 17 C അല്പം കഠിനമായി. 21 നിലവാരം പുലര്‍ത്തി. 5 സ്കോറും നേടാന്‍ മിടുക്കര്‍വരേ വലഞ്ഞുകാണും.
വ്യത്യസ്തതയോടെ അവതരിപ്പിക്കപ്പെട്ട മധ്യമം പലരും തെറ്റിച്ചുകാണും. കുട്ടികളുടെ എണ്ണം വീണ്ടും കൂട്ടി തെറ്റിച്ചുകാണാനാണ് സാധ്യത. മാധ്യത്തില്‍, വിഭാഗമാധ്യം ദശാംശമായത് ശരാശരിക്കാരെ കുഴക്കും.
ചോദ്യം 11 ഘനരൂപങ്ങളില്‍ നിന്നും. a, e എന്നിവ 20 സെ മീ ആണെന്ന് കണ്ടെത്തി വ്യാപ്തം കാണാന്‍ കുട്ടികള്‍ പ്രയാസപ്പെട്ടുകാണും. ചോദ്യം 13, മുഴുവന്‍ സ്കോറും നേടാന്‍ കഴിയുന്നതും ചെയ്തുശീലിച്ചതുമാണ്.
17, 21 ചോദ്യങ്ങളുടെ മൂന്നാം ഉപചോദ്യങ്ങള്‍ മാര്‍ക്കിനനുസരിച്ച് സമയബന്ധിതമായി എഴുതിത്തീര്‍ക്കാന്‍ കഴിയാത്തവിധത്തിലുള്ളതാണ്. മൂല്യനിര്‍ണ്ണയസമയത്ത് ഒന്നോരണ്ടോ മാര്‍ക്കിന് ഉയര്‍ന്നഗ്രേഡ് നഷ്ടമാകുന്ന കുട്ടികള്‍ക്ക്, ഗ്രേഡ് ഉയര്‍ത്തിനല്‍കി ഈ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.
എല്ലാത്തരം കുട്ടികളേയും പരിഗണിച്ചുതയ്യാറാക്കിയ ചോദ്യപേപ്പറാണ് ഇത്തവണത്തേത്. ചോദ്യപേപ്പറിന്റെ പാറ്റേണില്‍ അല്‍പ്പം വ്യത്യസ്തത വരുത്തിയും കുട്ടികളിലെ ഗണിത ആശയങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന രീതിയിലുള്ളതുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചോദ്യകര്‍ത്താവ് അഭിനന്ദനമര്‍ഹിക്കുന്നു.
Answer Key Prepared by Palakkad Maths Blog Team
0 Response to "SSLC ഗണിതം 2015"
Post a Comment